Friday, May 23, 2014

ഒരു "മുടി"ഞ്ഞ പ്രണയം

സ്കൂള്‍ പഠന കാലത്തിനിടെ ഒരിക്കലെങ്കിലും "പ്രണയിക്കാത്ത" ആരുമുണ്ടാകില്ല. കൂടെ പഠിച്ച പെണ്‍കുട്ടിയോടോ, പയ്യനോടോ, അപ്പുറത്തെ ക്ലാസിലെ ജൂനിയറിനെയോ, എന്തിനേറെ പറയുന്നു, പഠിപ്പിക്കുന്ന ടീച്ചറിനോട് പോലും പ്രണയം തോന്നുന്ന കാലമാണ് ഹൈസ്കൂള്‍ കാലം. ആ പ്രായത്തില്‍ ഇത്തരം പ്രണയങ്ങള്‍ "വലിയ സംഭവം" ആണെന്ന് തോന്നിയേക്കാം. മിക്കവാറും സ്കൂള്‍ ജീവിതം അവസാനിക്കുമ്പോള്‍ ഇമ്മാതിരി പ്രണയങ്ങളും അവിടെവെച്ചു തന്നെ അവസാനിക്കാറാണ് പതിവ്. പിന്നീട് ജീവിതത്തില്‍ ഇതൊക്കെ ഓര്‍ക്കുമ്പോള്‍ തലയറഞ്ഞു ചിരിക്കാം എന്നതാണ് ഏറ്റവും വലിയ തമാശ.

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു "മുടി"ഞ്ഞ പ്രേമത്തിന്‍റെ കഥ പറയാം.

ഞങ്ങളുടെ ജൂനിയര്‍ ആയി പുതിയൊരു പെണ്‍കുട്ടി സ്കൂളില്‍ ചേര്‍ന്നു. വെളുത്തു സുന്ദരിയായ ഒരു പെണ്‍കുട്ടി. ആദ്യത്തെ നോട്ടത്തില്‍ തന്നെ ആ കുട്ടിയെ എല്ലാര്‍ക്കും വളരെയധികം "ഇഷ്ട്ടായി". അതെ, എനിക്കും "ഇഷ്ട്ടായി". അങ്ങനെ ആ കുട്ടിയോടുള്ള ഒരു "എന്തരോ ഒരു ഇത്" മനസ്സില്‍ അങ്ങനെ സൂക്ഷിച്ചിരിക്കുന്ന കാലം. ഒരിക്കല്‍ സുഗുണന്‍ മാഷിന്‍റെ മലയാളം ക്ലാസ്സ്‌.

സുഗുണന്‍ മാഷിന്‍റെ മലയാളം ക്ലാസ്സ്‌ ഒരു വല്ലാത്ത അനുഭൂതിയാണ്. പഠിക്കാനുള്ള പദ്യങ്ങളുടെയും കഥകളുടെയും ഓരോരോ വരികളുടേയും ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ പുതിയ പുതിയ അര്‍ത്ഥതലങ്ങള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതരും. ഓ.എന്‍.വി കുറുപ്പിന്‍റെ ശിഷ്യനായിരുന്നു സുഗുണന്‍ മാഷ്‌. അതുകൊണ്ട്തന്നെ "ഭൂമിക്കൊരു ചരമഗീതം" പോലുള്ള പദ്യങ്ങള്‍ കവിയില്‍ നിന്നും നേരിട്ട് പഠിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതെല്ലാം ക്ലാസ്സില്‍ അതിമനോഹരമായി സുഗുണന്‍ മാഷ്‌ അവതരിപ്പിക്കും. നല്ല സൂപ്പര്‍ "ചൂരല്‍ക്കഷായം" ധാരാളം കിട്ടുമായിരുന്നെങ്കില്‍പ്പോലും മാഷിന്‍റെ ക്ലാസ്സിലിരിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിക്കും ഇഷ്ടമായിരുന്നു.

അന്ന് സുഗുണന്‍ മാഷ്‌ ഏതോ പാഠഭാഗം പഠിപ്പിക്കുമ്പോള്‍ ഇങ്ങനെ ഒരു ഡയലോഗ് - "സീതാദേവിയുടെ മുടിയിഴകളോട്പോലും രാമന് പ്രണയം ആയിരുന്നു".

എന്ത്....???!!!

"മുടിയിഴകളെ പോലും പ്രണയിക്കുകയോ?" - ആ ഐഡിയ കൊള്ളാല്ലോ!

അങ്ങനെ എനിക്ക് ആ സുന്ദരിയുടെ "മുടിയിഴകളോട്" പ്രണയമായി. പതിയെ മനസിനുള്ളില്‍ ഒരു കല്യാണക്കുറി അച്ചുനിരത്താന്‍ തുടങ്ങി... മനസിനെ കല്യാണക്കുറി പ്രിന്‍റ് ചെയ്യാന്‍ വിട്ടിട്ട് അവളുടെ "മുടിയിഴകള്‍" എങ്ങനെ ഒപ്പിക്കാം എന്ന ചിന്തയിലായി ഞാന്‍. ആനവാല്‍ പറിക്കുന്നത്പോലെ പതുക്കെ പുറകെ ചെന്ന് രണ്ടു മുടി പിഴുതാലോ? വേണ്ട, അടികിട്ടും. രഹസ്യമായി പുറകെ ചെന്ന് കത്രിക കൊണ്ട് മുറിച്ചെടുത്ത് ഓടിയാലോ? വേണ്ട, അഥവാ മുടി മൊത്തത്തില്‍ മുറിഞ്ഞുപോയാല്‍ പിന്നെ എന്‍റെ പെട്ടിയില്‍ ആണിയടിച്ചാല്‍ മതി.

അപ്പോഴാണ്‌ ഒരു ദൈവദൂതനെ പോലെ, ഒരു ഹംസത്തെ പോലെ അവള്‍ വന്നത് - എന്‍റെ കൂടെ നഴ്സറി മുതല്‍ ഈ ക്ലാസ്സ്‌ വരെ കൂടെ പഠിക്കുന്ന, എന്‍റെ അയല്‍ക്കാരിയും കളിക്കൂട്ടുകാരിയും ആയ ആ "ദേവദൂതിക". പതിയെ അവളുടെയടുത്തു ചെന്ന് എന്‍റെ ആവശ്യം അറിയിച്ചു:

"ഡീ, എനിക്ക് ലവളുടെ രണ്ടു മുടി വേണം. ഒപ്പിച്ചു തരോ?"

"യെന്തര്..? മുടിയാ? നിനക്ക് എന്തെടെയ്‌ വട്ടാണാ...?" (തനി 'തിരോന്തരം' ശൈലിയില്‍)

"പോടീ... വട്ടൊന്നുമല്ല. പ്രണയം... അഗാധമായ പ്രണയം"

"പ്രണയമോ? പറ്റി! അതിന് നിനക്ക് അവളുടെ മുടി എന്തരിന്? വല്ല കൂടോത്രോം ചെയ്യാന്‍ തന്നേഡേയ്?"

"ഏയ്‌ അല്ലാന്നെ... സുഗുണന്‍ സാറ് പറഞ്ഞപോലെ എനിക്ക് അവളുടെ മുടിയിഴകളോട് അഗാധമായ പ്രണയം ആണെന്ന് തോന്നുന്നു... എനിക്ക് രണ്ടു മുടി വേണം സൂക്ഷിച്ചുവെക്കാന്‍"

"ഓ പിന്നേ! എനിക്ക് വേറെ പണിയില്ലാത്തപോലെ!"

"വെറുതെ വേണ്ട, സിപ്പപ്പ്‌ വാങ്ങിത്തരാം"

"ങാ എന്നാല്‍ നോക്കാം!"

അങ്ങനെ രണ്ടു സിപ്‌-അപ് വാങ്ങിക്കൊടുക്കാം എന്ന ധാരണയില്‍ ആ "ദേവദൂതിക" തന്‍റെ പ്ലാന്‍ തുടങ്ങി. ഇന്റര്‍വെല്‍ സമയം ആയപ്പോഴേക്കും അവള്‍ നേരെ "സുന്ദരിയുടെ" ക്ലാസിനു മുന്നിലെത്തി. "സുന്ദരിയെ" കൈകാണിച്ചു പുറത്തേക്ക് വിളിച്ചു. പിന്നേ പതിയെ കുശലാന്വേഷണങ്ങള്‍ തുടങ്ങി. ഇതെല്ലാം അല്പം ദൂരെനിന്നും ഞാന്‍ നിരീക്ഷിക്കുന്നുണ്ട്‌. "കിട്ടുമോ? കിട്ടൂല്ലേ? അതോ അവള്‍ ഇനി സംഗതി മൊത്തം കുളമാക്കുമോ?" തുടങ്ങിയ ചിന്തകള്‍ എന്‍റെ മനസ്സില്‍ അലയടിക്കാന്‍ തുടങ്ങി.

പതിയെ "ദേവദൂതിക" ആ "സുന്ദരിയുടെ" മുടിയിലൊക്കെ പിടിച്ചു തലോടാന്‍ തുടങ്ങി. ഇന്നത്തെ കാലം ആയിരുന്നെങ്കില്‍ ഏതാണ്ട് ഇതുപോലെ ആയിരിക്കും ഡയലോഗ് എന്ന് ഞാന്‍ ഊഹിക്കുന്നു - "ആഹാ, മുടി കൊള്ളാമല്ലോ.. നീ ധാത്രി ആണോ ഉപയോഗിക്കുന്നത്? ഞാന്‍ രണ്ടു സാമ്പിള്‍ എടുത്തോട്ടെ???". അങ്ങനെ മുടിയിഴകളെ തലോടലും സംഭാഷണവും നീണ്ടു. പെട്ടെന്ന് ക്ലാസ്സ്‌ തുടങ്ങുന്ന ബെല്‍ മുഴങ്ങി. "സുന്ദരി" ക്ലാസ്സിലേക്ക് കയറിയതും "ദേവദൂതിക" അവളുടെ മുടിയില്‍ കടന്നുപിടിച്ച് "ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ" എന്നമട്ടില്‍ രണ്ടുമൂന്നു മുടിയിഴകള്‍ ഇങ്ങു പറിച്ചെടുത്തു! എനിക്ക് "സുന്ദരിയുടെ" മുടിയിഴകള്‍ തന്നിട്ട് ഏതോ ഒരു ഭീകരദൌത്യം പൂര്‍ത്തിയാക്കിയ ഒരു ഭീകരന്റെ സന്തോഷത്തില്‍ സിപ്‌-അപ്പും പ്രതീക്ഷിച്ചു "ദേവദൂതിക" പോയി.

ഞാന്‍ ആ മുടിയിഴകള്‍ മലയാളം പുസ്തകത്തില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നതുപോലെ സൂക്ഷിച്ചുവെച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഈ "മുടി"ഞ്ഞ പ്രണയം മണ്ടത്തരം ആണെന്ന് മനസിലായി. അപ്പോഴേക്കും ചെറിയൊരു ചമ്മലോടെ ആ മുടിയിഴകള്‍ എങ്ങോട്ടോ ഞാന്‍ കളഞ്ഞു. പിന്നീടൊക്കെ ആ "സുന്ദരിയെ" കാണുമ്പോള്‍ ഒരുതരം ചമ്മല്‍ ആയിരുന്നു. "ദേവദൂതിക"യ്ക്ക് എന്നെ കളിയാക്കി ചിരിക്കാനുള്ള ഒരു വകയുമായി!

ഇന്ന്, പത്തു വര്‍ഷങ്ങള്‍ക്കിപ്പുറം നില്‍ക്കുമ്പോള്‍, ആ പഴയ സ്കൂള്‍ പഠനകാലം ഒരുപാട് ചിരികള്‍ സമ്മാനിക്കുന്നു. അര്‍ത്ഥമറിയാതെ പ്രണയിക്കുന്നതും, അതിന്‍റെ പേരില്‍ തല്ലുകൂടുന്നതും, ഒരു നെല്ലിക്കയ്ക്ക് വേണ്ടി നെട്ടോട്ടം ഓടുന്നതുമൊക്കെ ഓര്‍ക്കാന്‍ രസമുള്ള ഓര്‍മ്മകള്‍ !

2013, ജനുവരി 23, ബുധനാഴ്‌ച

No comments:

Post a Comment