Friday, May 23, 2014

അനാമിക ‍..!

ഒറ്റയാന്‍ കാഴ്ചകള്‍
ഒറ്റയ്ക്കാണെന്ന്
മനസ്സിലാക്കാന്‍  വൈകും..

പുഞ്ചിരി മാത്രം കാണും..

ചൂണ്ട പോലെഎറിഞ്ഞു തരുന്ന
നനുത്ത വാക്കുകളാല്‍
മഴയാലെന്ന പോലെ കുതിരും..
മനസ്സ് നിറയെസ്നേഹമാണെന്ന്
പ്രത്യാശിക്കും..

ഒറ്റയാണെന്ന്‌
ഉറക്കത്തില്‍ അരൂപികള്‍ വന്ന്
അടക്കം പറയും..
ഞെട്ടിയുണര്‍ന്ന്
ഫോണില്‍ കയ്യമര്‍ത്തും
വിളിക്കാനുള്ളനമ്പറുകള്‍
ഒന്നുമില്ലെന്ന് ഓര്‍മ്മ തെളിയും.

ഒറ്റപ്പെടല്‍ എന്നത്
ഒറ്റയക്കം പോലെയല്ല..
ഒറ്റപ്പെടല്‍ എന്നതിന്
പര്യായങ്ങളുണ്ടോ..?
ചതുപ്പ് നിലങ്ങളാല്‍ ചുറ്റപ്പെട്ട
കുഞ്ഞു ദ്വീപാണ് ഞാന്‍.
അകത്തേക്കെടുക്കാനാവില്ല
ഒന്നിനെയും...
പുറത്തേക്കുള്ള  വഴിയില്‍

മരണം കാല്‍ നീട്ടിയിരിക്കുന്നു..!

ഇന്നലെ ഡോക്ടര്‍ വന്നു
ഭ്രാന്തിന്റെ തുടക്കമാണെന്ന്
അടക്കം പറയുന്നത് കേട്ടു .!
എനിക്കു വട്ടാണോ എന്നറിയാന്‍
അമ്മ  ഒരുങ്ങിക്കഴിഞ്ഞു.

കശുമാവിന്‍ പൂക്കള്‍ക്ക്
എന്ത് സുഗന്ധമാണെന്നോ..?
കൊമ്പില്‍ കയര്‍ കെട്ടി
ഊഞ്ഞാലാടാനും രസമാണ്..
കഴുത്തില്‍ കയറിട്ട്
 ഊഞ്ഞാല്‍ കെട്ടാനും
എന്ത് രസമായിരിക്കും .

എന്തെയെന്നെയിങ്ങനെ
നോക്കുന്നു..?
ഒറ്റയ്ക്കാണെങ്കിലെന്താ..?
കൈ വിരലുകള്‍ ചലിക്കുന്നുണ്ട്.
തലച്ചോറില്‍ ഇഴഞ്ഞു നടക്കുന്ന
അക്ഷരങ്ങളുണ്ട്..
ചിന്തയില്‍ കൂര്‍ത്ത നഖമാഴ്ത്തി
വേദനയുടെ നരക കവാടങ്ങള്‍
തുറന്നു തരുന്നുണ്ട്

ഒരു പക്ഷെ
നാളുകള്‍ എണ്ണപ്പെട്ടിരിക്കാം
നടുങ്ങരുത്
ഞാന്‍ ശപിക്കില്ല
ഭ്രാന്തിനു പങ്കു പറ്റുകയെന്നത്
ഭ്രാന്തിന്റെ ലോകത്ത് തന്നെ
കേള്‍ക്കാത്തതാണ്.

നീ  ഓര്‍ക്കരുത്..
ആദ്യത്തെ കുഞ്ഞിന് മഴയെന്നു പേരിടണം
രണ്ടാമത്തെ കുഞ്ഞിനു പേര് വേണ്ട..
അല്ലെങ്കില്‍ മോതിര വിരലെന്നിടാം..
അനാമിക ‍..!

കൌതുകമുണ്ടാകും അല്ലെ..?
ഇരുള്‍ നിറഞ്ഞ  ഒറ്റ ജനലുള്ള മുറിയില്‍
ഞാനെന്തെടുക്കുന്നുവെന്ന് .?
സ്വപ്നങ്ങളെ അടക്കം ചെയ്യുകയാണ്..
ഉഷ്ണ സഞ്ചാരം നിറഞ്ഞ
എന്റെ ഇരുള്‍ മുറി..!
ഇവിടെ ഞാന്‍ മാത്രമേ ഉള്ളു..

എങ്ങനെയാണ് ഒറ്റയ്ക്കാവുന്നതെന്ന്
നീ അത്ഭുതം കൂറുന്നു..?!

മരണം വന്നെന്റെ കയ്യില്‍
മുത്തമിട്ടിരുന്നുവെങ്കില്‍...
ഓരോരുത്തരായി  പിന്‍വലിയുന്നു..
സഹതാപത്തിന്റെ
നിസ്സംഗതയുടെ കണ്ണുകള്‍..
സ്നേഹം നിറഞ്ഞ
കണ്ണുകളെന്തേ കാണുന്നില്ല..?

സ്നേഹം ആത്മഹത്യ ചെയ്തത്
നീ അറിഞ്ഞു അല്ലെ.?
എനിക്കു മടുത്തു ഞാന്‍ നിറുത്തുന്നു...

2013, ഫെബ്രുവരി 20, ബുധനാഴ്‌ച

No comments:

Post a Comment